എസ്. എൻ. ഡി. പി യോഗത്തിന്റെ ജനറൽ സെക്രട്ടറി, മുൻ കേരള മുഖ്യമന്ത്രി ആർ.ശങ്കർ എന്ന കര്‍മ്മയോഗിയുടെ ജന്മദിനം.
ആധൂനിക കേരളത്തിന്റെ രാഷ്ട്രീയ- സാമൂഹിക ചരിത്രത്തിലെ സംഭവ ബഹുലമായൊരദ്ധ്യായമാണ് ആര്.ശങ്കര്‍ എന്ന മഹാപ്രതിഭയുടെ ജീവിതം. ഏതു പ്രതിസന്ധിയെയും കരളുറപ്പും അര്‍പ്പണ ബോധവും കൊണ്ട് എങ്ങനെ മറികടന്ന് എതിരാളികളെ അസ്ത പ്രജ്ഞരാക്കുന്ന വിജയം നേടുന്നത് എങ്ങനെ എന്നറിയാന്‍ ഇന്നത്തെ രാഷ്ട്രീയ വിദ്യാര്‍ത്ഥികള്‍ മറക്കാതെ പഠിക്കേണ്ടുന്ന പാഠപുസ്തകമാണ് ആര്. ശങ്കറിന്റെ ജീവിതം.
ശ്രീനാരായണ ധര്‍മ പരിപാലന യോഗത്തെ ചലനാത്മമായ ഒരു പ്രസ്ഥാനമായി മാറ്റി എടുത്തതില്‍ ആര്.ശങ്കര്‍ എന്ന മഹാൻ്റെ കര്‍മ്മ കുശലത ആദരവോടെ മാത്രമേ നോക്കിക്കാനാകു. എത്ര വലിയ സംഭാവന നല്കിയ പ്രതിഭയായിരുന്നാലും അധികാരം പങ്കു വെയ്ക്കുമ്പോള്‍ ജാതി വൈതാളികള്‍ അധികാരക്കസേരയില്‍ പിന്നാക്കക്കാരന് വരുന്നത് തടയാന്‍ ഏതറ്റം വരെ പോകുമെന്നതിന്റെ തുടക്കവും കേരളത്തില്‍ നടമാടിയത് ആര്. ശങ്കറിനെതിരെയാണ്.
1909 ഏപ്രില്‍ 30ന് കൊട്ടാരക്കര താലൂക്കിലെ പുത്തൂര്‍ എന്ന കുഗ്രാമത്തില്‍ നെയ്ത്തുകാരായ രാമന്, കുഞ്ചാളി ദമ്പതികളുടെ എട്ടുമക്കളില്‍ അഞ്ചാമനായാണ് ആർ.ശങ്കര്‍ ജനിച്ചത്. പരിമിതമായ ചുറ്റുപാടുകളുമായി പൊരുത്തപ്പെട്ടും പ്രതികൂല സാഹചര്യങ്ങളോട് പടപൊരുതിയും കേരള മുഖ്യമന്ത്രി പദം വരെ അലങ്കരിച്ച ജനകീയ നേതാവായിരുന്നു അദ്ദേഹം. തിരുവിതാംകൂര്‍ സറ്റേറ്റ് കോണ്‍ഗ്രസിലൂടെ രാഷ്ട്രീയ ജീവിതം അരംഭിച്ച് കെ.പി.സി.സി പ്രസിഡന്റ്, കോണ്‍ഗ്രസ് പാര്‍ലമെന്ററി പാര്‍ട്ടി ലീഡര്‍, ഉപമുഖമന്ത്രി, ധനകാര്യമന്ത്രി തുടങ്ങിയ പടവുകള്‍ താണ്ടിയാണ് കേരള മുഖ്യമന്ത്രി പദത്തിലെത്തിയത്.
ഒരു പതിറ്റാണ്ടിലേറെക്കാലം എസ്.എന്‍.ഡി.പി യോഗത്തിന്റെ ജനറല്‍ സെക്രട്ടറിയായും 1954-56 കാലത്ത് യോഗം പ്രസിഡൻ്റ്, എസ്.എന്‍ ട്രസ്റ്റ് സ്ഥാപകന്‍ എന്നീ നിലകളിലും ഗുരുദേവ സന്ദേശങ്ങളെ പൂര്‍ണമായി സാംശീകരിക്കുകയും പ്രവര്‍ത്തിപഥത്തിലെത്തിക്കാന്‍ പരിശ്രമിക്കുകയും ചെയ്തു.
കേരളത്തില്‍ വ്യവസായ വത്കരണത്തിനും വിദ്യുച്ഛക്തിയില്‍ സ്വയം പര്യാപ്തതക്കും ഭക്ഷണകമ്മി ലഘൂകരിക്കുന്നതിനുമുള്ള പദ്ധതികള്‍ക്ക് അടിസ്ഥാനമിട്ടതും ഇന്‍ഡസ്ട്രിയല്‍ ഫിനാന്‍സ് കോര്പ്പറേഷന്, ചെറുകിട വ്യവസായ കോര്പ്പറേഷന്, വിധവപെന്ഷന് എന്നിവ രൂപീകരിച്ചതുമൊക്കെ ആര്.ശങ്കറാണ്. അതുപോലെതന്നെ സാങ്കേതിക വിദ്യാഭ്യാസത്തിന് ഉറച്ച അടിത്തറയിട്ടതും പട്ടണങ്ങളില്‍ മാത്രം കേന്ദ്രീകരിച്ചിരുന്ന ഉന്നതവിദ്യാഭ്യാസ കേന്ദ്രങ്ങള്‍ ഗ്രാമീണതലത്തിലേക്ക് വ്യാപിപ്പിച്ചതും സമര്‍ത്ഥരായ വിദ്യാര്‍ത്ഥികള്‍ക്ക് സ്കോളര്‍ഷിപ്പും മറ്റ് പ്രോത്സാഹന പദ്ധതികള്‍ ഏര്‍പ്പെടുത്തിയതും അദ്ദേഹമാണ്. കേരളത്തിലെ കോണ്‍ഗ്രസ് രാഷ്ട്രീത്തില്‍ തങ്കലിപികളാല്‍ എഴുതിച്ചേര്‍ക്കപ്പെട്ട അദ്ധ്യായമാണ് ശങ്കര്‍ യുഗം.
പത്തൊൻപതാമത്തെ വയസില്‍ ശിവഗിരി മാതൃകാ വിദ്യാലയത്തിന്റെ പ്രധാന അദ്ധ്യാപകനായി നിയമിതനായതോടെയാണ് ആര്. ശങ്കര്‍ ശ്രീനാരായണ പ്രസ്ഥാനങ്ങളുമായി നേരിട്ട് അടുപ്പം സ്ഥാപിക്കുന്നത്. പിന്നീട് യോഗം ജനറല്‍ സെക്രട്ടറി എന്ന നിലയില്‍ അവരോധിതനായപ്പോള്‍ വിദ്യാഭ്യാസം, സംഘടന, വ്യവസായം തുടങ്ങി ശ്രീനാരായണ ധര്‍മ പരിപാലന യോഗത്തിന്റെ പ്രഖ്യാപിത ലക്ഷ്യങ്ങളുടെ സാക്ഷാത്കാരമായിരുന്നു അദ്ദേഹത്തിന്റെ മുഖ്യപരിഗണന.
കൊല്ലം പീരങ്കി മൈതാനത്ത് 27.10 ഏക്കര്‍ സ്ഥലം തിരുവിതാംകൂര്‍ സര്‍ക്കാരില്‍ നിന്ന് നേടിയെടുക്കാനായതും 1948 ല്‍ അവിടെ പ്രീയൂണിവേഴ്സിറ്റി ക്ലാസുകളുമായി എസ്.എന്‍ കോളേജ് സ്ഥാപിതമായതും ഈഴവ സമുദായത്തിന് മാത്രമല്ല, കേരളത്തിലെ പിന്നാക്ക സമുദായങ്ങള്‍ക്കാകെ അഭിമാനത്തിന് വക നല്‍കുന്നതായിരുന്നു.
ശ്രീനാരായണ വനിതാകോളേജ്, ശ്രീനാരായണ പോളിടെക്നിക്, ശ്രീനാരായണ ട്രെയിനിംഗ് കോളേജ് എന്നിവയും അദ്ദേഹം യാഥാര്‍ത്ഥ്യമാക്കി. ഉന്നത വിദ്യാഭ്യാസ രംഗത്തെ പ്രവര്‍ത്തനങ്ങള്‍ കാര്യക്ഷമമാക്കി മുന്നോട്ടു കൊണ്ടു പോകുന്നതിനു വേണ്ടി അദ്ദേഹം 1952 ആഗസ്റ്റ് 18ന് എസ്.എന്‍ ട്രസ്റ്റും രൂപീകരിച്ചു.
സമുദായത്തിന് കീഴില്‍ പൊതു ജനാരോഗ്യ രംഗത്ത് വലിയൊരു ചുവടുവയ്പായിരുന്നു കൊല്ലം ശ്രീനാരായണ മെഡിക്കല്‍ മിഷന്റെ സ്ഥാപനം. എസ്.എന്‍.ഡി.പി യോഗം പ്രസിഡന്റ് ആയിരുന്ന കാലത്ത് അധസ്ഥിത ലക്ഷങ്ങള്‍ക്കു വേണ്ടി പടപൊരുതാന്‍ ദിനമണി എന്ന പത്രവും അദ്ദേഹം ആരംഭിച്ചു.
ടി.കെ. മാധവന് ശേഷം എസ്.എന്‍.ഡി.പി യോഗത്തിന്റെ സാമൂഹീകാടിത്തറ ശക്തമാക്കുന്നതില്‍ മുഖ്യപങ്കുവഹിച്ച നേതാവ് മഹാനായ ആര്. ശങ്കര്‍ ആയിരുന്നു. ഈ കാലത്ത് 291 പുതിയ ശാഖകളും ഒരുലക്ഷം പുതിയ അംഗങ്ങളും സംഘടനക്കുണ്ടായി. വിദ്യാഭ്യാസ രംഗത്ത് മേല്‍പ്പറഞ്ഞ കോളേജുകള്‍ കൂടാതെ 13 യു.പി. സ്കൂളുകളും, 12 ഹൈസ്കുളുകളുമുണ്ടായി. ഇങ്ങനെ യോഗ പ്രവർത്തനങ്ങൾ വിദ്യാഭ്യാസ മേഖലയിലേക്ക് തിരിച്ച് വിട്ടത് അദ്ദേഹമായിരുന്നു. കേരള ചരിത്രത്തില്‍ അന്നോളം കണ്ടിട്ടില്ലാത്ത വ്യവസായ പ്രദര്‍ശനങ്ങള്‍ ഉള്‍പ്പെടെ ഒരുമാസം നീണ്ടുന്ന എസ്.എന്‍.ഡി.പി യോഗത്തിന്റെ കനകജൂബിലി ആഘോഷങ്ങള്‍ (1953) ആര്. ശങ്കറിലെ സംഘാടനാ മികവായി അംഗീകരിക്കപ്പെട്ടവയാണ്. പിന്നീട് ശിവഗിരി മഹാസമാധി മന്ദിരത്തിന്റെ പൂര്‍ത്തീകരണത്തിനും പ്രതിഷ്ഠാ ചടങ്ങുകള്‍ക്കുമെല്ലാം നെടുനായകത്വം വഹിച്ചതും അദ്ദേഹമാണ്. അകത്തുനിന്നും പുറത്തു നിന്നുമുള്ള ശക്തമായി എതിര്‍പ്പുകളെയും പാരവെയ്പ്പുകളേയും അതിജീവിച്ചാണ് അദ്ദേഹം ഈ നേട്ടങ്ങളൊക്കെ സമുദായത്തിന് സമ്മാനിച്ചത്.
1972 നവംബര്‍ 6ന് അവസാനിച്ച 63 വര്‍ഷത്തെ ജീവിതത്തിനിടെ കാലത്തിന്റെ ചുവരെഴുത്തുകള്‍ക്കൊന്നും മായ്ച്ചു കളയാനാവാത്ത ഒട്ടനവധി സുവര്‍ണ മുദ്രകള്‍ പതിപ്പിച്ച ആര്. ശങ്കര്‍ എന്ന മഹാനുഭാവന് എന്നും മലയാളി മനസുകളില്‍ നിറഞ്ഞു നില്ക്കും.
Comments (0 Comments)