പായ് വഞ്ചിയിൽ ഉലകം ചുറ്റി അഭിലാഷ് ടോമി രണ്ടാം സ്ഥാനത്ത്
*പായ് വഞ്ചിയിൽ ഉലകം ചുറ്റി അഭിലാഷ് ടോമി രണ്ടാം സ്ഥാനത്ത്*
*ഗോൾഡൻഗ്ലോബ് റേസിൽ* സമുദ്രസഞ്ചാരികളുടെ എവറസ്റ്റ് എന്നറിയപ്പെടുന്ന ചിലിയിലെ കേപ്ഹോൺ താണ്ടി അഭിലാഷ് ടോമി രണ്ടാംസ്ഥാനത്ത് മുന്നേറുന്നു. ഈ മത്സരത്തിൽ കേപ്ഹോൺ ചുറ്റുന്ന ആദ്യവനിതയായി മത്സരത്തിൽ ഒന്നാംസ്ഥാനത്തുള്ള ക്രിസ്റ്റൻ ന്യൂഷഫറും ചരിത്രത്തിലേക്ക്.
അറ്റ്ലാന്റിക്-ശാന്ത സമുദ്രങ്ങളുടെ സംഗമഭൂമിയായ കേപ്ഹോണിലെ കഠിനമായ കാലാവസ്ഥയോടും തിരമാലകളോടും പൊരുതി, കേടുപാടുപറ്റിയ ബോട്ട് സ്വന്തമായി അറ്റകുറ്റപ്പണി നടത്തിയാണ് അഭിലാഷ് മുന്നേറുന്നത്.
നേരത്തേ ഒന്നാംസ്ഥാനത്തുണ്ടായിരുന്ന സൈമൺ കർവൻ ബോട്ടിന്റെ പായ്മരം ഒടിഞ്ഞതിനെത്തുടർന്ന് ചിലിയിൽ അറ്റകുറ്റപ്പണിക്കായി ഇറങ്ങി. അതുകൊണ്ട് ഒന്നാംസ്ഥാനത്ത് ദക്ഷിണാഫ്രിക്കക്കാരിയായ ക്രിസ്റ്റനും രണ്ടാംസ്ഥാനത്ത് അഭിലാഷ് ടോമിയുമാണിപ്പോൾ.
യാത്രയുടെ 168-ാം ദിവസമായിരുന്നു തിങ്കളാഴ്ച. യാത്ര തുടങ്ങിയപ്പോൾ 16 പേരുണ്ടായിരുന്നു. ഇപ്പോൾ അവശേഷിക്കുന്നത് നാലുപേരാണ്. മൂന്നാംസ്ഥാനത്ത് മൈക്കൾ ഗുഗൻബർഗർ, നാലാംസ്ഥാനത്ത് ഇയാൻ ഹെർബർട്ട് ജോൺസ് എന്നിവരാണുള്ളത്.
*ആകെ 28,000 നോട്ടിക്കൽ മൈൽ പിന്നിടാനുള്ള യാത്രയിൽ, അഭിലാഷിന് ലക്ഷ്യസ്ഥാനത്തെത്താൻ 6890 നോട്ടിക്കൽ മൈൽകൂടി സഞ്ചരിക്കണം* യാത്ര പുറപ്പെട്ട ഫ്രാൻസിലെ ലസ്സാബ്ൾ സോലേൺ തുറമുഖത്താണ് എത്തേണ്ടതെന്ന് കോഴിക്കോട് ജെല്ലിഫിഷ് വാട്ടർസ്പോർട്സ് ഉടമയും അഭിലാഷിന്റെ ഇന്ത്യയിൽനിന്നുള്ള ഏക സഹ പ്രായോജകനുമായ കൗഷിക്ക് പറഞ്ഞു.
ഒന്നാംസ്ഥാനത്തുള്ള ക്രിസ്റ്റൻ 416 നോട്ടിക്കൽ മൈൽ മുന്നിലാണ് സഞ്ചരിക്കുന്നത്. സെപ്റ്റംബർ നാലിന് ആരംഭിച്ച യാത്ര ഒരിടത്തും നിർത്താതെ, ആരുടെയും സഹായമില്ലാതെ, നൂതനയന്ത്രങ്ങളൊന്നും ഉപയോഗിക്കാതെ, ഉലകം ചുറ്റുകയെന്നതാണ്.
ഈ മത്സരം തുടങ്ങിയ 1968-ൽ എങ്ങനെയാണോ നാവികർ ലോകം ചുറ്റിയത് അതേ അവസ്ഥയിൽ. വടക്കുനോക്കിയന്ത്രം, മാപ്പ് എന്നിവയുടെ സഹായത്തോടെയാണ് യാത്ര. ഒരു നാവികൻ, ഒരു ബോട്ട്, ലോക മഹാസമുദ്രങ്ങൾ മുഖാമുഖം എന്ന ഈ യാത്ര ഏതൊരു സാഹസിക നാവികന്റെയും സ്വപ്നമാണ്.
അബുദാബിയിലെ ബയനാത്ത് ഗ്രൂപ്പാണ് അഭിലാഷ് ടോമിയുടെ മുഖ്യപ്രായോജകർ.
Comments (0 Comments)