കലാ സംയോജനം (Art Integration): ടോക് .എച്ച്.പബ്ളിക് സ്കൂൾ വൈറ്റിലയിലെ കുട്ടികളും അദ്ധ്യാപകരും ഛത്തീസ്ഘട്ടിലേക്ക്
കലാ സംയോജനം (Art Integration): ടോക് .എച്ച്.പബ്ളിക് സ്കൂൾ വൈറ്റിലയിലെ കുട്ടികളും അദ്ധ്യാപകരും ഛത്തീസ്ഘട്ടിലേക്ക്
വൈറ്റില: സി.ബി.എസ്.സി ആർട്ട് ഇൻ്റഗ്രേഷൻ്റെ ഭാഗമായി വൈറ്റില ടോക് എച്ച് പബ്ളിക് സ്കൂളിലെ ആറാം ക്ലാസ് മുതൽ പത്താം ക്ലാസ് വരെയുള്ള 19 കുട്ടികളും 4 അദ്ധ്യാപകരും ഛത്തീസ്ഘട്ടിലേക്ക്.
27.08. 23 ഞായറാഴ്ച രാവിലെ 8.30നുള്ള തിരുനെൽവേലി ബിലാസ്പൂർ ട്രെയിനിലാണ് 10 പെൺകുട്ടികളും 9 ആൺകുട്ടികളും 4 അദ്ധ്യാപകരുമുള്ള സംഘം ഛത്തീസ്ഘട്ടിലേക്ക് യാത്ര തിരിച്ചിരിക്കുന്നത്. ആർട്ട് ഇൻ്റഗ്രേഷൻ്റെ ഭാഗമായി കേരളത്തിൻ്റെ സാംസ്ക്കാരിക പൈതൃകവും കലകളും അവിടുത്തെ കുട്ടികളെ പരിചയപ്പെടുത്തുകയും തിരിച്ച് അവരുടെ സാംസ്കാരികത്തനിമയെ ഉൾക്കൊള്ളുക എന്ന ലക്ഷ്യവുമായാണ് സംഘം യാത്ര തിരിച്ചിരിക്കുന്നത്. ഛത്തീസ്ഘട്ട് മുഖ്യമന്ത്രിയുടെ ഓഫീസ് നേരിട്ട് ഇടപെട്ടാണ് ഭിലായി റിസാലി സെക്ടറിലെ ശാരദാ വിദ്യാലയത്തിൽ കുട്ടികൾക്കു വേണ്ട എല്ലാ സൗകര്യങ്ങളും ഒരുക്കിയിരിക്കുന്നത്.
തിരുവോണ ദിവസം ശാരദാ വിദ്യാലയം കുട്ടികൾക്ക് തിരുവോണ സദ്യയും ഒരുക്കിയിട്ടുണ്ട്. തിരുവോണവും രക്ഷാബന്ധനും സംയുക്തമായി ആഘോഷിച്ച് രണ്ട് സംസ്ഥാനങ്ങളുടെയും സാംസ്കാരിക വിനിമയം ഊട്ടിയുറപ്പിക്കുക കൂടി ചെയ്യുന്നുണ്ട്.
അതോടൊപ്പം കേരളത്തിൻ്റെയും ഛത്തീസ്ഘട്ടിൻ്റെയും സാംസ്കാരിക പൈതൃകം വിളിച്ചോതുന്ന ഒരു മണിക്കൂർ നീണ്ടുനിൽക്കുന്ന കലാപരിപാടികൾ സംഘടിപ്പിക്കും.
ഛത്തീസ്ഘട്ടിലെ കുട്ടികൾക്കായികേരളത്തിൻ്റെ സാംസ്ക്കാരിക പൈതൃകം വിളിച്ചോതുന്ന സമ്മാനങ്ങളും ഓണമധുര പലഹാരങ്ങളുമായാണ് കുട്ടികൾ യാത്ര തിരിച്ചിരിക്കുന്നത്.
ചരിത്ര പ്രാധാന്യമുള്ള സ്ഥലങ്ങൾ , റായ്പൂർ ജംഗിൾ സഫാരി, മുക്താംഗൻ ശില് പോദ്യാനം, മൈത്രി ഗാർഡൻസ്, മ്യൂസിയം എന്നിവ സന്ദർശിച്ച ശേഷം 31-ാം തീയതി തിരിച്ച് ഒന്നാം തീയതി കുട്ടികൾ നാട്ടിലെത്തും.
സ്കൂൾ പ്രിൻസിപ്പാൾ ശ്രീ.ജൂബി പോൾ, മാനേജർ ശ്രീ.കുര്യൻ തോമസ് എന്നിവർ കുട്ടികൾക്ക് എല്ലാവിധ ആശംസകളും അർപ്പിച്ച് യാത്രയാക്കി.
Comments (0 Comments)